പാലക്കാട് : പേഴുംകര മോഡൽ ഹൈസ്കൂളിൽ ബഷീർ അനുസ്മരണവും കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും നടന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് വിപുലമായ രീതിയിൽ 'ബഷീർ ദിനാചരണം' സംഘടിപ്പിച്ചത്. ബഷീറിയൻ സാഹിത്യത്തെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്‌കൂളിലെ മലയാളം ക്ലബ്ബിന്റെയും മലർവാടി ക്ലബിൻ്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ ഒരുക്കിയത്. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ബഷീർ കഥാപാത്രങ്ങളുടെ അവതരണം ഏറെ ശ്രദ്ധേയമായി.
സ്കൂൾ മുറ്റത്ത് അണിനിരന്ന കൊച്ചു മിടുക്കന്മാരും മിടുക്കികളും ബഷീറിന്റെ വിഖ്യാത കൃതികളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. പരമ്പരാഗതമായ കൈലിമുണ്ടും വെള്ള ബനിയനും തൊപ്പിയും ധരിച്ച്, മീശയും വെച്ച് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറായി മാറിയ കൊച്ചു വിദ്യാർത്ഥികൾ കാണികളിൽ കൗതുകമുണർത്തി. 'ബാല്യകാലസഖി'യിലെ സുഹ്റയും, പാത്തുമ്മയുടെ ആട്, മജീദ്, സാറമ്മ, കേശവൻ നായർ, ഒറ്റക്കണ്ണൻ പോക്കർ, ആനവാരി രാമൻ നായർ, എട്ടുകാലി മമ്മൂഞ്ഞ്, അബ്ദുൽ ഖാദർ, ഹനീഫ, കൊച്ചുണ്ണി, തുടങ്ങിയ കഥാപാത്രങ്ങളുടെ അവതരണവും, പെൺകുട്ടികളുടെ തനതായ മലബാർ മുസ്ലിം ശൈലിയിലുള്ള തട്ടവും വസ്ത്രധാരണവും പരിപാടിയുടെ മാറ്റ് കൂട്ടി. ബഷീർ കൃതികളെ ആസ്പദമാക്കി ക്വിസ് മത്സരവും, പുസ്തക പരിചയപ്പെടുത്തലും, വായനാമത്സരം, പ്രസംഗ മത്സരം, എന്നിവയും സംഘടിപ്പിച്ചു. ബഷീറിന്റെ പ്രശസ്തമായ ഉദ്ധരണികൾ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പുഷ്‌പരാജ് എം. പി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ പി. എം. ബഷീർ മാസ്‌റ്റർ, അഡ്മിനിസ്ട്രേറ്റർ ഡി. എം. ഷെരീഫ്, മാനേജർ എൻ. പി. മുഹമ്മദ് അഷ്‌റഫ്, ഷാഹുൽ ഹമീദ് മാസ്‌റ്റർ, ദിവ്യ ടീച്ചർ, ഫൗസിയ ടീച്ചർ, നിമിഷ ടീച്ചർ, ഷമീം ബാനു ടീച്ചർ , നുസൈബ ടീച്ചർ എന്നിവർ സംബന്ധിച്ചു. ക്ലബ്ബ് കൺവീനർമാർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി